04:27am 07 November 2026
NEWS
തന്നെ ‘വെട്ടാൻ’ താൻ തന്നെ ഒപ്പിടണം
ഗവര്‍ണറുടെ മനസ്സിൽ എന്തായിരിക്കും ?

03/03/2025  07:50 AM IST
News Desk
പോര് 2.0 തുടങ്ങുമോ ?
HIGHLIGHTS

അന്തിമ തീര്‍പ്പിനായി ബിൽ രാജ്ഭവനിലേക്ക് അയക്കുമ്പോൾ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ അതിൽ ഒപ്പിടുമോ ഉടക്കിടുമോ എന്നതാണ് പ്രസക്തമായ ചോദ്യം 

തിരുവനന്തപുരം : ഗവര്‍ണറെ ‘വെട്ടാനുള്ള’ സംസ്ഥാനസര്‍ക്കാര്‍ നീക്കത്തിന് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി ഇല്ല. സര്‍വ്വകലാശാലകളിൽ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്ന സര്‍വ്വകലാശാല ഭേദഗതി ബിൽ ഇന്ന് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി ഇല്ലാതെ നിയമസഭയിൽ എത്തുകയാണ്. സ്പീക്കറുടെ റൂളിംഗ് ലഭിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ ഗവര്‍ണറുടെ അനുമതി ഇല്ലാതെ തന്നെ ബിൽ അവതരിപ്പിച്ച് പാസാക്കാം. എന്നാൽ അന്തിമ തീര്‍പ്പിനായി ബിൽ രാജ്ഭവനിലേക്ക് അയക്കുമ്പോൾ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ അതിൽ ഒപ്പിടുമോ ഉടക്കിടുമോ എന്നതാണ് പ്രസക്തമായ ചോദ്യം. 
          മുൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനസര്‍ക്കാരും കൊമ്പുകോര്‍ത്തത് ഇതേ വിഷയത്തിലാണ്. ആരിഫ് മുഹമ്മദ് ഖാൻ ബി.ജെ.പിക്കാരൻ ആയിരുന്നെങ്കിലും ഹാര്‍ഡ്കോര്‍ സംഘമനോഭാവമുള്ള ആളായിരുന്നില്ല. എന്നാൽ പുതിയ ഗവര്‍ണര്‍ സംഘപരിവാര്‍പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്ന നേതാവാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ നിലപാടുകൾ സംസ്ഥാനസര്‍ക്കാരിന് ഗുണകരമാകുമോ എന്ന സംശയം ശക്തമാകുന്നത്. ഒരുവേള നിയമസഭ പാസാക്കുന്ന ബിൽ ഗവര്‍ണര്‍ തള്ളുകയാണെങ്കിൽ അതൊരുപക്ഷേ വീണ്ടും സര്‍ക്കാര്‍ രാജ്ഭവൻ പോരിന് വഴിമരുന്നിട്ടേയ്ക്കാം. 
           സര്‍വ്വകലാശാലകളിൽ വി.സിമാരെ നിയമിക്കുന്നതിലും മറ്റും ചാൻസിലറായ ഗവര്‍ണര്‍ക്കാണ് പരമാധികാരം. എന്നാൽ ഇത് ബൈപാസ് ചെയ്ത് സര്‍ക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന തരത്തിലാണ് പുതിയ ബിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് പൂര്‍ണ്ണമായും മലയാളത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി അനിവാര്യമായി മാറുന്നത്. എന്നാൽ ഗവര്‍‌ണര്‍ ബിൽ നേരത്തേ കണ്ടാൽ അത് പ്രശ്നങ്ങൾ സങ്കീര്‍ണ്ണമാക്കും എന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ കുറുക്കുവഴികൾ തേടുമ്പോൾ ഗവര്‍ണറുടെ നിലപാട് അറിയാൻ രാഷ്ട്രീയകേരളം കാത്തിരിക്കുകയാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img